
വടകര: നൂറുകണക്കിന് കച്ചവടക്കാരും വഴിവാണിഭക്കാരും വിവിധ വിഭാഗം തൊഴിലാളികളും ഉള്‍പ്പെടെ ജന നിബിഡമായിരുന്ന കോട്ടപ്പറമ്പിന്റെ പഴയപ്രതാപം വീണ്ടെടുക്കുന്നു. നാളെ (ഫെബ്രുവരി 15) മുതല്‍ കോട്ടപ്പറമ്പില്‍ സണ്‍ഡേ മാര്‍ക്കറ്റ് പുനഃരാരംഭിക്കുമെന്ന് കോട്ടപ്പറമ്പ് സംരക്ഷണ ജനകീയ സമിതി ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു കാലത്ത് നഗരത്തിലെ പ്രധാനവാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു കോട്ടപ്പറമ്പ്. പിന്നീട് ഇതിന്റെ പ്രൗഢി നഷ്ടപ്പെട്ടെങ്കിലും വീണ്ടും പഴയപ്രതാപത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ് ജനകീയ സമിതി പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായാണ് സണ്‍ഡെ മാര്‍ക്കറ്റ് കോട്ടപ്പറമ്പില്‍ ആരംഭിക്കുന്നത്. ഇതിലൂടെ കച്ചവടക്കാര്‍ക്ക് വരുമാനവും തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും ലഭിക്കാന്‍ ഇടയാകുന്നു. ഗുണന്മേ ഏറിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ലഭിക്കുകയും അവ നേരിട്ട് തെരഞ്ഞെടുക്കാന്‍ കഴിയുകയും ചെയ്യുമെന്ന സവിശേഷത കൂടി ഇതിനുണ്ട്. കര്‍ഷകര്‍
ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വസ്തുക്കള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ കഴിയുന്ന ഒരു ഇടം കൂടിയാണ് സണ്‍ഡേ മാര്‍ക്കറ്റ്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ക്യൂന്‍സ് റോഡില്‍ സണ്‍ഡേ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത് വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് കോട്ടപ്പറമ്പിലും സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഇവിടേയും രാവിലെ മുതല്‍ രാത്രി വരെ സണ്‍ഡേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ഇത് വടകരയുടെ വാണിജ്യമേഖലക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് കോട്ടപ്പറമ്പ് സംരക്ഷണ ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ കെ.എന്‍.എ അമീര്‍, ജനറല്‍ കണ്‍വീനര്‍ പി.എം.മണി നടക്കുതാഴ, കെ.പി.പത്മകുമാര്‍, കെ.പ്രകാശന്‍, കെ.പി.പ്രസാദ്, പി.ടി.നിധീഷ്, കെ.അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.
















