
കൈനാട്ടി: ദേശീയപാത 66-ല്‍ ചോറോട് ഗ്രാമപഞ്ചായത്തിലെ കെടി ബസാറില്‍ അടിപ്പാതക്കായി മുറവിളി ഉയരുന്നു. അടിപ്പാത നേടിയെടുക്കുന്നതിന് വിപുലമായ ആക്ഷന്‍
കമ്മിറ്റിക്ക് രൂപം നല്‍കി.
കൈനാട്ടി മുതല്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ നാദാപുരം റോഡ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ഏകദേശം 1200-ലധികം വീടുകളിലായി 5000-ത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഈ പ്രദേശത്തെ വയോജനങ്ങള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്ന് എല്‍പി സ്‌കൂള്‍, ഹൈസ്‌കൂള്‍, പോസ്റ്റോഫീസ്, റേഷന്‍കട തുടങ്ങിയ സ്ഥാപനങ്ങളിലെത്തുന്നതിന് വലിയ പ്രയാസങ്ങളാണ്
നേരിടുന്നത്.
സര്‍വീസ് റോഡുകളുടെ നിലവിലെ അവസ്ഥയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ്. സര്‍വീസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും ഫുട്പാത്തുകള്‍ കൈയേറുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെ ജീവന്‍പോലും അപകടത്തിലാകുന്ന സാഹചര്യം. വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗം കാല്‍നടയാത്രക്കാരും നിരന്തരഭീഷണിയിലാണ് യാത്ര ചെയ്യുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നാദാപുരം റോഡിനും കൈനാട്ടിക്കും മധ്യഭാഗത്തായി കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി ദേശീയപാത മുറിച്ചുകടക്കുന്നതിന് അടിപ്പാത
അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ഹരിദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജയരാജന്‍ വിഷയം അവതരിപ്പിച്ചു. ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി
പി.കെ. ഹരിദാസന്‍ (ചെയര്‍മാന്‍), പി.പി. ചന്ദ്രശേഖരന്‍, പ്രൊഫ. എം.പി. രാജന്‍, കെ. രമേശന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ. ദേവീദാസ് (കണ്‍വീനര്‍), വി. ദിനേശന്‍, കെ. സജിത്ത് കുമാര്‍, ആര്‍.കെ. പ്രവീണ്‍, വി.എം. ബിജു (ജോയിന്റ് കണ്‍വീനര്‍മാര്‍), പി.കെ. വത്സന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















