
ടെക്‌സാസ്: യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ദൈചി കമാഡ നേടിയ തകര്‍പ്പന്‍
ഗോളിലാണ് ജപ്പാന്‍ ഡച്ച് പടയെ 2-2 സമനിലയില്‍ കുരുക്കിയത്. ടെക്‌സസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം വീറും വാശിയും നിറഞ്ഞതായി.
രണ്ടുതവണ മുന്നിലെത്തിയ ശേഷമാണ് നെതര്‍ലന്‍ഡ്‌സിന് സമനില വഴങ്ങേണ്ടി വന്നത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച നെതര്‍ലന്‍ഡ്‌സിനു തന്നെയായിരുന്നു ആധിപത്യം. 70
ശതമാനത്തോളം പന്ത് നിയന്ത്രിച്ച ഡച്ച് പടയാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്. 51-ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം റയാന്‍ ഗ്രാവന്‍ബര്‍ച്ചിന്റെ ക്രോസില്‍ നിന്ന് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക് ഉഗ്രനൊരു ഹെഡറിലൂടെ നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചു. വാന്‍ ഡൈകിന്റെ ആദ്യ ലോകകപ്പ് ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഡച്ചിന്റെ ആഘോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു.
ആറ് മിനിറ്റുകള്‍ക്കകം (57ാം മിനിറ്റ്) തകേഫുസ കുബോയുടെ അസിസ്റ്റില്‍ നിന്ന് ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ കെയ്റ്റോ നകാമുറ ജപ്പാന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെയിലൂടെ നെതര്‍ലന്‍ഡ്‌സ് വീണ്ടും ലീഡെടുത്തു. സമ്മര്‍വില്ലെയുടെ ഇടംകാലന്‍
ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കിയെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു. ഈ ഗോളോടെ നെതര്‍ലന്‍ഡ്‌സ് വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ദൈചി കമാഡ ജപ്പാന്റെ രക്ഷകനായി അവതരിച്ചത്.
89-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് കമാഡ ജപ്പാന് അവിസ്മരണീയമായ സമനില സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ജപ്പാന്‍ നേടുന്ന ഏറ്റവും വൈകിയ ഗോള്‍ കൂടിയാണിത്. മത്സരശേഷം ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കിയതും കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
















