
ഹൂസ്റ്റണ്‍: കുഞ്ഞന്‍രാജ്യമായ ക്യുറസാവോക്കെതിരെ നടന്ന മത്സരത്തില്‍ കണ്ടത് ജര്‍മനിയുടെ സംഹാരതാണ്ഡവം. ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ്
ഗോളുകള്‍ ജര്‍മനി അടിച്ചുകൂട്ടി. 21 ാം മിനിറ്റില്‍ ഞെട്ടിച്ച സമനിലയ്ക്കു മറുപടിയായി തുടരെ ക്യുറസാവോയുടെ ഗോള്‍വല നിറച്ചാണ് ജര്‍മനി പ്രതികാരം തീര്‍ത്തത്. അരങ്ങേറ്റ ലോകകപ്പില്‍ മുന്‍ ലോകചാംപ്യന്മാരെ നേരിട്ട ക്യുറസാവോ അതിന്റെ പതര്‍ച്ചയില്ലാതെയാണ് ആദ്യ പകുതിയില്‍ കളം നിറഞ്ഞത്. ആദ്യ മിനിറ്റ് മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ജര്‍മനിക്ക് അതേ നാണയത്തില്‍ ക്യുറസാവോ മറുപടി നല്‍കി. രണ്ടാം പകുതിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയായിരുന്നു ജര്‍മനി.
ആറാം മിനിറ്റില്‍ ഫെലിക്‌സ് നെമെച്ചായിലൂടെ ഗോള്‍ നേടി മുന്നിലെത്തിയ
ജര്‍മനിയ്ക്കെതിരെ 21 ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ സമനിലഗോള്‍ നേടിക്കൊണ്ട് ക്യുറസാവോ ജര്‍മനിയെ ഞെട്ടിച്ചു. ആദ്യ ലോകകപ്പ് കളിക്കുന്ന കുഞ്ഞന്‍ രാജ്യം ക്യുറസാവോയുടെ ആദ്യ ലോകകപ്പ് ഗോളാണിത്. ക്യുറസാവോയുടെ സമനില ഗോളിനു പിന്നാലെ എതിര്‍ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി കടന്നാക്രമണം നടത്തിയ ജര്‍മനി. 38 ാം മിനിറ്റില്‍ നതാനില്‍ ബ്രൗണിന്റെ കോര്‍ണര്‍ കിക്കില്‍ നിക്കോ ഷ്‌ളോട്ടര്‍ബെകിന്റെ ഹെഡറിലൂടെ ജര്‍മനി വീണ്ടും മുന്നിലെത്തി. ആദ്യ പകുതിക്കു ശേഷമുള്ള അധിക സമയത്താണ് ജര്‍മനിയുടെ മൂന്നാം ഗോള്‍ പിറന്നത്. പെനാലിറ്റി കിക്കില്‍
കായ് ഹാവര്‍റ്റ്‌സാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ ജര്‍മനി നാലാം ഗോള്‍ നേടി. ജമാല്‍ മുസിയാലയുടെ എണ്ണംപറഞ്ഞ ഷോട്ട് ക്യുറസാവോ ഗോള്‍ കീപ്പര്‍ എലോയ് റൂമിനെ മറികടന്ന് ഗോള്‍വലയ്ക്കുള്ളില്‍. 68 ാം മിനിറ്റില്‍ അഞ്ചാം ഗോളുമായി നതാനില്‍ ബ്രൗണ്‍ വീണ്ടും ക്യുറസാവോയുടെ വലകുലുക്കി. ജര്‍മനി അവിടംകൊണ്ടും നിര്‍ത്തിയില്ല. 78 ാം മിനിറ്റില്‍ ഡെനിസ് ഉണ്‍ഡവിന്റെ ഷോട്ട് തടുക്കാനുള്ള ലെയാന്‍ഡ്രോ ബകുനയുടെ നീക്കം പാഴായതോടെ ജര്‍മനിയുടെ ആറാം ഗോള്‍ പിറന്നു. 88 ാം മിനിറ്റില്‍ ജര്‍മനിയുടെ ഏഴാം ഗോള്‍ കായ് ഹാവര്‍റ്റ്‌സ് നേടി. മത്സരത്തില്‍ കായ് ഹാവര്‍റ്റ്‌സിന്റെ രണ്ടാം ഗോളാണിത്.
















