ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 27 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്ഫോടനത്തിലെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം. കഫേയില്‍ ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്സവിര്‍ ഷസീഖ് ഹുസൈന് എന്നയാളാണ് ബോംബ് വച്ചതെന്ന് തിരിച്ചറിഞ്ഞതായി എന്‍ഐഎ വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണ്. അബ്ദുല്‍ മതീന് താഹയാണ് മറ്റൊരു ആസൂത്രകന്‍. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
മാര്‍ച്ച് ഒന്നിനാണ് ബംഗളൂരു വൈറ്റ്ഫീല്‍ഡ് ഏരിയയിലെ കഫേയില്‍ സ്ഫോടനം നടന്നത്. തിരക്കേറിയ ഉച്ച സമയത്തായിരുന്നു സ്ഫോടനം. പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കഫേയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു.