
പാലക്കാട്: ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഇഷാന് ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി
ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം കവരുകയായിരുന്നു. 20 പവനോളം സ്വര്‍ണം മോഷണം പോയി. തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തിലെത്തിയവരാണ് കൊള്ള നടത്തിയത്. സംഭവസമയത്ത് രണ്ട് വനിത ജീവനക്കാര്‍ മാത്രമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍
പുറത്തുവന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയവര്‍ ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് തോക്ക് ചൂണ്ടുകയായിരുന്നു. കത്തി ഉപയോഗിച്ചും ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും സ്വര്‍ണവുമായി അക്രമികള്‍ കടന്നുകളഞ്ഞു. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാന്‍ പോയ നേരത്താണ് ഇവരെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വനിത ജീവനക്കാര്‍ വിളിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുള്ള ഉടമ എത്തി. ഉടമയെ കണ്ടതോടെ സംഘത്തില്‍ ഒരാള്‍ തോക്ക് ചൂണ്ടി. മറ്റുരണ്ടുപേര്‍ കത്തി കാട്ടിയും ഭീഷണിപ്പെടുത്തി.
പിന്നാലെ സ്വര്‍ണവുമായി രക്ഷപെടുകയായിരുന്നു.
കോട്ടായി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതികള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. കവര്‍ച്ചയ്ക്കു ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെട്ടതായാണ് സംശയിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും സംശയമുണ്ട്. TN 07 AE 0145 നമ്പറിലുള്ള സാന്‍ട്രോ കാറിലാണ് സംഘമെത്തിയത്. മൂന്നുപേര്‍ കടയില്‍ കയറിയ സമയം ഒരാള്‍ കാറില്‍ കാത്തിരുന്നതായും വിവരമുണ്ട്. ജ്വല്ലറിയില്‍ ഫോറന്‍സിക് സംഘം പരിശോധന ആരംഭിച്ചു.
















