
നാദാപുരം: ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മെഗാ സംഗമമായ ‘സഹജം 2026’ന് നാദാപുരത്ത് ഒരുക്കങ്ങള്‍ സജീവമായി. ഡിസംബര്‍
അഞ്ചിന് കല്ലാച്ചിയിലെ എംഇടി കോളജ് ക്യാമ്പസിലാണ് സംഗമം.
ജില്ലയിലെ വിവിധ ബിആര്‍സികള്‍ക്ക് കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും ഒരു കുടക്കീഴില് അണിനിരത്തുന്ന സംഗമം സൗഹൃദത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും വലിയ വേദിയായി മാറും. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും കലാ-കായിക മികവുകള്‍ക്ക് പ്രോത്സാഹനം നല്‍കാനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സ്വാഗതസംഘം ഓഫീസ് നാദാപുരം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്ഥിരംസമിതി അധ്യക്ഷ കെ.കെ. റംല, പഞ്ചായത്ത് അംഗങ്ങളായ സുമയ്യ ജാബിര്‍, പി. മുനീര്‍, ഉമേഷ് പെരുവന്‍കര, സ്വാഗതസംഘം കണ്‍വീനര്‍ കെ.വി. കുഞ്ഞമ്മദ്, കുന്നുമ്മല്‍ ബിപിസി. നിസാര്‍ എടത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.കെ. അഷ്റഫ്, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് മണ്ടോടി ബഷീര്‍, മറ്റു ഭാരവാഹികളായ നൗഫല്‍ കിഴക്കയില്‍, ഡോ. പ്രശാന്ത് ബാവ, അഷ്റഫ് കോറോത്ത്, അശ്വിന് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















