
പാലക്കാട്: കോണ്‍ഗ്രസിനുള്ളിലെ ഭിന്നതകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പരസ്പരം അള്ളുവെക്കുന്നതിലേക്കും നീങ്ങുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് നടനും
പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി. കേരള ജനത നല്കിയ 102 എന്ന സംഖ്യ അംഗീകാരത്തിനൊപ്പം അപായ സൈറണ്കൂടിയാണെന്ന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഷാഫി പറമ്പിലിനെ പിന്തുണച്ചും മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് പിഷാരടിയുടെ കുറിപ്പ്.
പാലക്കാട് നിയമസഭ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയിലേക്ക് എത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാഫി പറമ്പിലിനാണെന്ന് പിഷാരടി കുറിപ്പില്‍ പറയുന്നു. ഇ ശ്രീധരനെപ്പോലെ രാജ്യം മുഴുവന്‍ അംഗീകരിച്ച വ്യക്തി ഉയര്‍ത്തിയ
വെല്ലുവിളിയെപ്പോലും അതിജീവിക്കാനായത് ഷാഫിയുടെ വേരുകള്‍ പാലക്കാട്ടുകാരുടെ ഹൃദയങ്ങളിലേക്ക് പടര്ന്നിറങ്ങിയതുകൊണ്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം പ്രിയപ്പെട്ട പാലക്കാടിനെ വിട്ട് നിറകണ്ണുകളോടെയാണ് ഷാഫി വടകരയിലേക്ക് തീവണ്ടി കയറിയത്. അന്ന് വടകരയിലേക്ക് പോയിരുന്നില്ലെങ്കില്‍ ഇന്ന് ഷാഫി പറമ്പില്‍ കേരളത്തിലെ മന്ത്രിയാകുമായിരുന്നു. എന്നാല്‍, പദവികളേക്കാള്‍ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും പിഷാരടി പറഞ്ഞു.
















