
അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട
അനുഭവമായി. മയ്യഴിപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ കടവ് റിസോര്‍ട്ടില്‍ നടന്ന ഒത്തുചേരല്‍ സീനിയര്‍ സൈക്കോളജിസ്റ്റ് ഡോ. വി.പി. ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലിയേറ്റീവ് പരിചരണ രംഗത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ മുന്‍നിര്‍ത്തി പാലിയേറ്റീവ് സിസ്റ്റര്‍ ജഹറയെ ആദരിച്ചു. സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കിടപ്പുരോഗികള്‍ക്കും സ്നേഹോപഹാരമായി കൈനിറയെ സമ്മാനങ്ങള്‍ വിതരണം ചെയ്തത് ഏവര്‍ക്കും ഹൃദ്യമായ അനുഭവമായി. മെഡിക്കല്‍ ഓഫീസര്‍ ഡെയ്സി ഗോറെ സ്വാഗതവും പത്താം വാര്‍ഡ് മെമ്പര്‍ വി.പി. ജയചന്ദ്രന്
നന്ദിയും പറഞ്ഞു.
ചടങ്ങിന് മാറ്റുകൂട്ടിക്കൊണ്ട് വര്‍ണാഭമായ കലാപരിപാടികള്‍ അരങ്ങേറി. ആശാവര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും നൃത്തശില്പങ്ങളും ശ്രദ്ധേയമായി. ഗ്രാമകേളി വടകര അവതരിപ്പിച്ച ഗാനമേളയും സി.പി. ബഷീര്‍ കൊടുവള്ളിയുടെ മാജിക് ഷോയും സദസ്സിന് നവ്യാനുഭവം പകര്‍ന്നു. പി. ശ്രീധരന്, സുനീഷ്, ഷാജി, കെ.എ. സുരേന്ദ്രന്, പി.പി. ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി.
















