തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. സമരക്കേസുകള്ക്കും ജാമ്യമില്ലാ കേസുകള്‍ക്കും
പുറമെ നാല് ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയായ സാഹചര്യത്തിലാണ് വഞ്ചിയൂര്‍ പൊലീസിന്റെ നടപടി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു പ്രതിയാണ്. വീട്ടിലെത്തിയാണ് പൊലീസ് നടപടി സംബന്ധിച്ച വിവരം അറിയിച്ചതെന്ന് ഐ.പി.ബിനു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പിണറായിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളിലൊരാളാണ് ബിനു. ഈ കേസില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ബിനുവിന്റെ ആരോപണം. താന്‍ ഒരു തരത്തിലുള്ള ക്രിമിനല്‍ പ്രവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ കേസുകളില്‍ മാത്രം പ്രതിയായ തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഭരണകൂട പ്രതികാരമാണെന്നും ബിനു പറഞ്ഞു. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയെന്നും ആര്‍എസ്എസ് പോലുള്ള സംഘടനകളെ പ്രീതിപ്പെടുത്താനാണ് നീക്കമെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ബിനു വ്യക്തമാക്കി.















