കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങള്‍ക്കായി സമഗ്ര കര്‍മപദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 349
നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി. കക്കാടംപൊയില്‍ ഗോള്‍ഡന്‍ റോക്ക്സ് റിസോര്‍ട്ടില്‍ നാല് ബാച്ചുകളിലായി നടന്ന ഏകദിന ജില്ലാതല പരിശീലനം കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ലിയു.എം.പി), തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2026 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ഖരമാലിന്യ പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്. ഉറവിടത്തില്‍ത്തന്നെ മാലിന്യം നാലായി തരംതിരിക്കല്‍, വന്‍കിട മാലിന്യ ഉല്‍പ്പാദകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍, മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പൊതുഇടങ്ങള്‍ ഹരിതാഭമാക്കല്‍, മാലിന്യം വലിച്ചെറിയുന്നത് തടയല്‍, ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കുക, ഡിജിറ്റല്‍ ഭരണനിര്‍വഹണവും ഓണ്‍ലൈന്‍ നിരീക്ഷണവും കാര്യക്ഷമമാക്കുക തുടങ്ങിയ വ്യവസ്ഥകളും കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഓരോ കൗണ്‍സിലറും സ്വന്തം വാര്‍ഡില്‍ വിവരശേഖരണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പരിശീലനത്തിനുശേഷം നഗരസഭാതലത്തില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാനും ബൈലോയും തയ്യാറാക്കി സര്‍ക്കാരിന്
സമര്‍പ്പിക്കും. പരിശീലന പരിപാടി രാമനാട്ടുകര നഗരസഭാ ചെയര്‍പേഴ്സണ്‍ കല്ലട മുഹമ്മദ് അലി, പയ്യോളി നഗരസഭാ ചെയര്‍പേഴ്സണ്‍ എന്‍.സാഹിറ, കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ നഫീന ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷന്‍ പ്ലാനിന്റെ കരട് പ്രകാശനം ചെയ്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ഷാഹുല്‍ ഹമീദ്, കെ.എസ്.ഡബ്ലിയു.എം.പി എക്സ്പേര്‍ട്ട് കെ.ടി.ജിജു, രാമനാട്ടുകര ക്ലീന്‍ സിറ്റി മാനേജര്‍ ഷാജില്‍ കുമാര്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.വി.പ്രമോദ്, പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.















