തിരുവനന്തപുരം: വി.ഡിസതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ സമൂ
ഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകളും ലിങ്കുകളും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ന്യൂസ് കാർഡുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളുടെ പരാതികളുടെയും പൊലിസിന്റെ ശ്രദ്ധയിൽപ്പെടുന്ന സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ്
ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിനെതിരെയും നടപടിയെടുക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി സഹ്യോഗ് പോർട്ടൽ വഴിയും അല്ലാതെയും കേരള പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇത്തരം ഉള്ളടക്കങ്ങൾ പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മറുപടിയിൽ പറയുന്നു.
















