
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കാര്‍ത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ
തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് സരസ്വതീ മണ്ഡപത്തില്‍ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ ഭദ്രദീപം കൊളുത്തി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഈച്ചരാട്ടില് അപ്പുക്കുട്ടി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഗീതജ്ഞന് നിധീഷ് നടേരി മുഖ്യാതിഥിയായി. എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ ഉണ്ണിക്കൃഷ്ണന്, ശ്രീപുത്രന്‍, എരോത്ത് വിശ്വനാഥന് നായര്‍, വാഴയില്‍ ദേവദാസ്, എം. ബാലകൃഷ്ണന്, ഇളയിടത്ത് രാജഗോപാലന്‍ നായര്‍, മാനേജര്‍ അനില്‍ ചെട്ടിമഠം, കെ.കെ. രാകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വി.
സൗന്ദരരാജന്റെ മനോഹരമായ വീണക്കച്ചേരി അരങ്ങേറി. അനു ജി. വേണുഗോപാല്‍, രത്ന ശ്രീ എന്നിവര്‍ പക്കമേളമൊരുക്കി.
18ന് ആറ്റുവാശ്ശേരി മോഹനന് പിള്ളയുടെ സംഗീത കച്ചേരി, 19 ന് വിജയ് ഗോപാല്‍ ചെന്നൈയുടെ പുല്ലാങ്കുഴല്‍ കച്ചേരി, 20ന് ശ്രീ രഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരി, 21ന് സൂര്യഗായത്രിയുടെ സംഗീത കച്ചേരി, 22ന് വേദ മിത്രയുടെ വയലില്‍ കച്ചേരി, 23 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി, 24ന് വൈകിട്ട് സംഗീത സംവിധായകന് എം.ജയചന്ദ്രന് തൃക്കാര്‍ത്തിക സംഗീത പുരസ്കാര സമര്‍പ്പണം, കാര്‍ത്തിക ദീപം തെളിയിക്കലിന് ശേഷം കലാശ്രീ പ്രകാശ് ഉള്ളിയേരിയുടെ ഹാര്‍മോണിയം സമന്വയം എന്നിവ നടക്കും.
-സുധീര്‍ കൊരയങ്ങാട്
















