കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവിയും
പ്രഭാഷകനും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ ആദരം. തമിഴ്, മലയാള എഴുത്തുകാരന് ജയമോഹന് ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍
മാത്രമല്ല, തമിഴ്, കന്നട ഭാഷകളിലും ഒരുപാട് വായനക്കാരുളള എഴുത്തുകാരനാണ് കല്‍പ്പറ്റ നാരായണനെന്ന് ജയമോഹന് പറഞ്ഞു. തമിഴ്, കന്നട ഭാഷകളില്‍ വലിയ സംവേദനം നടത്തുന്ന മലയാള എഴുത്തുകാരനാണ് കല്‍പ്പറ്റ നാരായണന്. നാക്കിന്റെ ബലത്തില്‍ രൂക്ഷമായ സാമൂഹ്യ വിമര്‍ശനം നടത്തുന്ന സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരനും അംബേദ്കറിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ എഴുത്തുകാരന് കൂടിയാണ് കല്‍പ്പറ്റ നാരായണനെന്ന് അദ്ദേഹം പറഞ്ഞു. ദളിത് സാഹിത്യത്തിന് അദ്ദേഹത്തിന്റേതായ സംഭാവനയുണ്ട്.
കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കൊയിലാണ്ടി പൗരാവലിയുടെ ഉപഹാരം എം.എന്‍.കാരശ്ശരി കല്പറ്റ നാരായണന് സമര്‍പ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹരിത സാവിത്രി, എഴുത്തുകാരി ജിസ ജോസ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.എന്‍.ഭാസ്ക്കരന്‍, ഗായകന് വി.ടി.മുരളി, കെ.വി.സജയ്, ചന്ദ്രശേഖരന് തിക്കോടി, സോമന് കടലൂര്‍, പാലക്കാട് പ്രേംരാജ്, അരുണ്‍ മണമല്‍, വി.പി.ഇബ്രാഹിം കുട്ടി, ഇ.കെ.അജിത്ത്, എം.പി.ശിവാനന്ദന്, വിനോദ് വായനാരി, വിജയരാഘവന് ചേലിയ, ഉമേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എമില്‍ മാധവി കല്പ്പറ്റക്കവിതകളെ ചേര്‍ത്തൊരുക്കി നടത്തിയ ചൊല്‍ക്കാഴ്ച ഹൃദ്യമായി. ശാന്തിപ്രിയയുടെ ബാവുല്‍ സംഗീത പരിപാടി, മ്യൂസിക് ക്യൂ ഒരുക്കിയ അവതരണ ഗാനം, ക്യൂ ബ്രഷ് ഒരുക്കിയ ചിത്ര പ്രദര്‍ശനം-കല്‍പ്പറ്റ സ്കെച്ചെസ് എന്നീ അനുബന്ധ പരിപാടികളും ഉണ്ടായി.















