മണിയൂര്‍: ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എല്‍ഡിഎഫ് ഭരണസമിതി സ്ഥാപിച്ച സ്വരാജ് ട്രോഫി സ്വീകരിക്കുന്ന ഫോട്ടോ ഓഫീസില്‍ അതിക്രമിച്ചു കയറി എടുത്തുമാറ്റിയ
സംഭവത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്ത്. പോലീസില്‍ പരാതി നല്‍കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ എല്‍ഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രശ്നത്തില്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് എല്‍ഡിഎഫ് തീരുമാനം. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വീകരിക്കുന്ന ഫോട്ടോ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ഓഫീസ് ചുമരില്‍ സ്ഥാപിച്ചിരുന്നു. നവംബര്‍ 13ന് ഓഫീസ് അടയ്ക്കുന്ന സമയം വരെ ഇത് അവിടെയുണ്ടായിരുന്നു. എന്നാല്‍ അന്ന് രാത്രി 10.45-ഓടെ ഓഫീസ് തുറന്ന് അതിക്രമിച്ചു കയറിയ മൂന്ന് യുഡിഎഫ് അംഗങ്ങള്‍ ഈ ഫോട്ടോ എടുത്തുമാറ്റിയെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. പഞ്ചായത്ത് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തുവരുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഭവം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ഇതുവരെ പോലീസില്‍ പരാതി നല്കാന് തയ്യാറായിട്ടില്ലെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും യോഗം വ്യക്തമാക്കി.
എം.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജന്, സി.വിനോദന്‍, കെ.പി.കുഞ്ഞിരാമന്, കെ.എം.ബാലന്, ജയപ്രകാശ്, പാറോല്‍ ശങ്കരന് എന്നിവര്‍ സംസാരിച്ചു. ബി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.















