സ്റ്റോക്ക്ഹോം: തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ
വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 2008-14 കാലഘട്ടത്തിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തുകൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച
വ്യക്തിയാണ് നവനീതം നവി പിള്ള. നതാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ് സ്‌കൂളിൽ നിന്ന് എൽഎൽഎം ബിരുദവും 1988ൽ നിയമത്തിൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്‌ക്കായുള്ള അന്താരാഷ്‌ട്ര ക്രിമിനൽ ട്രൈബ്യൂണൽ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വർണവിവേചന കാലത്ത് ജനിച്ച നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്‌നാട്
സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. നിലവിൽ മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ജഡ്‌ജിയാണ് നവി പിള്ള. 287 നാമനിർദേശങ്ങളിൽ നിന്നാണ് നവി പിള്ളയെ തിരഞ്ഞെടുത്തത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ആണ് സമ്മാനത്തുക.
















