ഓര്‍ക്കാട്ടേരി: ഇന്നലെ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഓര്‍ക്കാട്ടേരിയിലെ
ഇവാബ്രെഡ് എന്ന സ്ഥാപനത്തിനും കെട്ടിടത്തിനും കനത്ത നാശം സംഭവിച്ച സാഹചര്യത്തില്‍ സംഭവം പ്രകൃതിദുരന്തമായി പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തര
സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഓര്‍ക്കാട്ടേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഓര്‍ക്കാട്ടേരി ടൗണില്‍ തീപിടിത്തമുണ്ടായാല്‍ അടിയന്തരമായി തീ അണയ്ക്കുന്നതിനും ഫയര്‍ഫോഴ്‌സിന് ആവശ്യമായ വെള്ളം ശേഖരിക്കുന്നതിനും ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്ന് കൂടി യോഗം അഭ്യര്‍ഥിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ടൗണില്‍ ഒരുക്കേണ്ടതുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ട എല്ലാ സഹായവും സഹകരണവും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് കെ.ഇ.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ.പ്രഭാകരന്‍, റിയാസ് കുനിയില്‍, കെ.കെ.പ്രഭാകരന്‍, കെ.കെ.റഹീം, ജയന്‍ സാരംഗ്, ലിജിഷ് പുതിയെടത്ത്, അഭിലാഷ് കോമത്ത് എന്നിവര്‍ സംസാരിച്ചു. തീപ്പിടിത്തമുണ്ടായ സ്ഥലം കെ.കെ.രമ എംഎല്‍എ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ടി.വിനോദന്‍, ഇഖ്ബാല്‍ ഏരത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.















