വില്യാപ്പള്ളി: ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജില്ല, സംസ്ഥാന കായിക മത്സരങ്ങളായ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ട തോടന്നൂര്‍ ബ്ലോക്ക് പരിധിയിലെ കായിക
പ്രതിഭകള്‍ക്ക് തോടന്നൂര്‍ ബിആര്‍സി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മംഗലാട് സ്പാര്‍ക്കി ടര്‍ഫില്‍ നടന്ന ക്യാമ്പില്‍ 35 ഓളം കുട്ടികള്‍ പങ്കെടുത്തു. ഒക്ടോബര്‍ 15 ന് മേപ്പയൂരിലാണ് ജില്ല മത്സരങ്ങള്‍. അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് മുറിച്ചാണ്ടി നിര്‍വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. മംഗലാട് വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുല്ല, ബിആര്‍സി ട്രെയിനര്‍ കൃഷ്ണകുമാര്‍, സിആര്‍സി കോര്‍ഡിനേറ്റര്‍ ഹമീദ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ രഞ്ജിനി.കെ.പി, രജിത.എം.പി, രതീഷന്‍.വി.കെ, എംഐഎസ് കോര്‍ഡിനേറ്റര്‍ നവാസ്.കെ എന്നിവര്‍ സംസാരിച്ചു.















