കോഴിക്കോട്: പതിനാറാം കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
ചേര്‍ന്നു. സമിതി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എംഎല്‍എമാരായ കെ.എം.അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിന്‍, എം.വിന്‍സെന്റ്, സേവ്യര്‍ ചിറ്റിലപ്പള്ളി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി സാധാരണക്കാര്‍ക്ക് വേഗത്തില്‍ ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു. പ്രവാസികള്‍ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളില്‍ ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.എസ്.മാധവിക്കുട്ടി സമിതിയെ അറിയിച്ചു. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പെന്‍ഷന്‍ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. നോര്‍ക്ക സാന്ത്വനം പദ്ധതി വഴി നിലവില്‍
നല്‍കിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വര്‍ധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര ധനസഹായവും സമയബന്ധിതമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസ്സായി ഉയര്‍ത്തണമെന്നും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കണമെന്നും വിവിധ കാരണങ്ങളാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരള പ്രവാസികാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും യോഗം അവലോകനം ചെയ്തു. യോഗത്തില്‍ നോര്‍ക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.ജയശ്രീ, എഡിഎം കെ.ഷെറീന, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















