കൊയിലാണ്ടി: പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണികളില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.
അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പയ്യോളി ടൗണില്‍ 14 ഹോട്ടലുകളും എട്ട് പലവ്യഞ്ജന കടകളുമടക്കം ആകെ 22 കടകള്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പേരാമ്പ്ര ടൗണില്‍ എട്ട് കടകളിലും ഒരു സിനിമ തിയേറ്ററിലും പരിശോധന നടത്തി. പരിശോധനക്ക് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ സജിത.എസ്.കെ നേതൃത്വം നല്‍കി. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഷീജ അടിയോടി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജു.എം, ശ്രീനിവാസന്‍ പുളിയുള്ളതില്‍, സുനില്‍ കുമാര്‍.എസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.















