ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍
ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് എംപിമാരെ ഉള്‍പ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധള്ക്കുമൊടുവില് ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും വേണമെങ്കില്‍ തന്നെ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യം എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിക്കുകയായിരുന്നു. വൈകിട്ട് 7:45 ഓടെയാണ് കെ.സി.വേണുഗോപാലടക്കമുള്ളവരെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കിയത്.















