തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി റൂട്ടുകളില്‍ സ്വകാര്യ ബസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കെഎസ്ആര്‍ടിസി നടത്തുന്ന പ്രിയദര്‍ശിനി സൗജന്യ സര്‍വീസുകള്‍ കാരണം സ്വകാര്യ ബസ് വ്യവസായം വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത വിധം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനുപുറമെ, ഡീസല്‍ വിലയും മറ്റ് അനുബന്ധ ചെലവുകളും കുത്തനെ ഉയര്‍ന്നിട്ടും 14 വര്‍ഷം മുന്‍പുള്ള അതേ നിരക്കുതന്നെയാണ് ഇപ്പോഴും വിദ്യാര്‍ഥികള്‍ യാത്രാക്കൂലിയായി നല്‍കിക്കൊണ്ടിരിക്കുന്നത്. നിരക്ക്
പരിഷ്‌കരണ കാര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഒക്ടോബര്‍ 14ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തുടര്‍ന്ന് രണ്ടാംഘട്ടമായി ഒക്ടോബര്‍ അവസാനത്തോടെ സംഘടനാ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. ഈ പ്രതിഷേധങ്ങള്‍ക്കു ശേഷവും സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ നവംബര്‍ ആദ്യവാരത്തോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള പണിമുടക്കിലേക്ക് കടക്കുമെന്നു ഫെഡറേഷന്‍ വ്യക്തമാക്കി.















