
കോഴിക്കോട്: ക്രിസ്ത്യൻ കോളേജിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്
ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂര്‍ സ്വദേശിയുമായ
റിജോണ്‍ ജോസ് ആണ് (29) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ റിജോണും സഹതാരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രണ്ട് ബൈക്കുകളിൽ ഉണ്ടായിരുന്ന നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെയോടെ റിജോൺ മരണത്തിണ് കീഴടങ്ങി. കൂടെയുണ്ടായിരുന്ന സഹതാരം ഗനി അഹമ്മദ് ചികിത്സയിലാണ്. കാലിന്
പരിക്കേറ്റ ഗനി അഹമ്മദ് നിഗമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എഫ് സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലിഗ്രാഫ് എന്നിവക്കായും റിജോൺ ജോസ് കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് തുടങ്ങാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ് റിജോണിന്റെ അപ്രതീക്ഷിത വിയോഗം. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
















