
മലപ്പുറം: നിലമ്പൂര്‍ അമരമ്പലത്തെ ടി.കെ.നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ച
തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാത്രിതന്നെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. ടി.കെ. നഗര്‍ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായിരിക്കുന്നത്.
കരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ്
(31), തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.
അപകടസമയത്ത് സ്ഥലത്തോ പരിസരത്തോ മഴയുണ്ടായിരുന്നില്ല. പുഴയില്‍ തീരെ വെള്ളമില്ലാതിരുന്നതിനാല്‍ ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെയുണ്ടായിരുന്നു. ഇതിനിടയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ആറുപേരും പെട്ടുപോകുകയായിരുന്നു. കൂടുതല്‍പേര്‍ അപകടത്തിനിരയായോ എന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണ്.
















