വടകര: വടകര റവന്യൂ ടവര്‍ സംബന്ധമായ സാങ്കേതിക തടസ്സം പരിഹരിച്ച് നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ കളക്ടര്‍ എം.എസ്.മാധവിക്കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍
ധാരണയായി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. കെ.കെ.രമ എംഎല്‍എ, ആര്‍ഡിഒ കെ.കെ.പ്രസില്‍ എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ തന്നെ റവന്യൂ ടവര്‍ നിര്‍മാണത്തിനായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനാല്‍ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയിരുന്നു. എന്നാല്‍ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സം കാണിച്ച് ഊരാളുങ്കല്‍ സൊസൈറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തടസ്സം പരിഹരിക്കാന്‍ തീരുമാനമായത്. പഴയ താലൂക്ക് ഓഫീസിന്റെ സെപ്റ്റിക് ടാങ്ക്, മാലിന്യം ശേഖരിച്ചിരുന്ന ടാങ്ക്, മുറിച്ചിട്ട മരങ്ങള്‍, കെഎസ്ഇബി പോസ്റ്റുകള്‍ എന്നിവയാണ് നിര്‍മാണ സ്ഥലത്ത് നിലം ഒരുക്കുന്നതിന് തടസമായി സൊസൈറ്റി കണ്ടെത്തിയത്. ഇവ ഒഴിവാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും അതിനനുസരിച്ച് പ്രവൃത്തി നടത്താനും യോഗത്തില്‍ ധാരണയായി. രണ്ടുമാസത്തിനുള്ളില്‍ റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.















