വടകര: പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്
(കെഎസ്ടിയു) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘അവകാശദിനം’ ആചരിച്ചു. അധ്യാപകരുടെയും പൊതുവിദ്യാലയങ്ങളുടെയും സമഗ്ര പുരോഗതിക്കായി അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട 39 ഇന ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിഎ സജി.എസ്.കെ ക്ക് ഭാരവാഹികള്‍ കൈമാറി. ശമ്പള പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കുക, ഇടക്കാലാശ്വാസവും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. കെഎസ്ടിയു വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം.പി.മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി ഹമീദ് തറമല്‍, ട്രഷറര്‍ സി.വി.നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. ജില്ലാ സെക്രട്ടറി സഫുവാന്‍.പി.സി, ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍.എ.കെ, സബ് ജില്ലാ പ്രസിഡന്റ് സുനീദ് ബക്കര്‍, ജില്ലാ സെക്രട്ടറി മുസ്തഫ.സി.വി, സബ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മടാശ്ശേരി, ഹാരിസ് കടമേരി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ടിയു ഭാരവാഹികള്‍ അറിയിച്ചു.















