
അറ്റ്‌ലാന്റ: ഫിഫ വേള്‍ഡ് കപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഒരു ക്ലാസിക് പോരാട്ടത്തിനാണ് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍
വേദിയൊരുങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ശക്തരായ ഇംഗ്ലണ്ടും തമ്മിലുള്ള ഈ മത്സരം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വൈരങ്ങളുടെ മറ്റൊരു അധ്യായമായിരിക്കും.
ഇന്ത്യന്‍ സമയപ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ 12:30-നാണ് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ്-ബെന്‍സ് സ്റ്റേഡിത്തില്‍ ഈ ആവേശപ്പോരാട്ടം നടക്കുന്നത്.
തോമസ് ടൂക്കലിന്റെ കീഴില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ മുന്നേറുന്നത്. ക്വാര്‍ട്ടറില്‍ നോര്‍വെയെ എക്‌സ്ട്രാ ടൈമില്‍ (2-1) മറികടന്നാണ് അവര്‍ സെമിയിലെത്തിയത്.
യുവത്വവും പരിചയസമ്പത്തുമായാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഹാരി കെയിന്‍, ജൂഡ്
ബെല്ലിംഗ്ഹാം എന്നിവര്‍ 6 ഗോളുകള്‍ വീതം നേടി തകര്‍പ്പന്‍ ഫോമിലാണ്. ഒരു ലോകകപ്പില്‍ ഒരു ടീമിലെ രണ്ട് കളിക്കാര്‍ 6 ഗോളുകള്‍ വീതം നേടുന്നത് ഇതാദ്യമായാണ്.
പ്രതിരോധത്തിലും മധ്യനിരയിലും കൃത്യമായ അച്ചടക്കം പുലര്‍ത്തുന്ന ടൂക്കലിന്റെ ശൈലി അര്‍ജന്റീനയുടെ കളിമെനയലിനെ തടയാന്‍ കെല്‍പുള്ളതാണ്.
അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളമിത് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമാണ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എക്‌സ്ട്രാ ടൈമില്‍ 3-1 ന് തോല്‍പ്പിച്ചാണ് ലയണല്‍ സ്‌കലോണിയുടെ അര്‍ജന്റീന സെമിയിലേക്ക് യോഗ്യത നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ കളിച്ച അഞ്ച് സെമിഫൈനലുകളിലും വിജയിച്ച് ഫൈനലിലെത്തിയെന്ന റെക്കോര്‍ഡ് അര്‍ജന്റീനയ്ക്കുണ്ട്. തങ്ങളുടെ ആറാം സെമിയിലാണ് അവര്‍ ഇറങ്ങുന്നത്. ലയണല്‍ മെസ്സിയുടെ സാന്നിധ്യത്തിനൊപ്പം
ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരുടെ ഗോള്‍വേട്ടയും മധ്യനിരയുടെ കഠിനാധ്വാനവുമാണ് അര്‍ജന്റീനയുടെ കരുത്ത്. ഈ ടൂര്‍ണമെന്റില്‍ മെസ്സിയെ കൂടാതെ 7 കളിക്കാര്‍ ഗോള്‍ നേടിക്കഴിഞ്ഞു.
ലോകകപ്പുകളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വലിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് 1986ലെ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍, 1998-ലെ ബെക്കാമിന്റെ ചുവപ്പ് കാര്‍ഡ് എന്നിവ ഓര്‍ക്കാം. അര്‍ജന്റീനയുടെ അനുഭവസമ്പത്തും ഇംഗ്ലണ്ടിന്റെ ആക്രമണ മൂര്‍ച്ചയും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കും ഇത്. ഒരു ഗോള്‍ വ്യത്യാസത്തിലോ പെനാല്‍റ്റി ഷൂട്ടൗട്ടിലോ മാത്രമായിരിക്കും ഈ മത്സരത്തിന്റെ വിജയികളെ നിശ്ചയിക്കുകയെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ പ്രവചനം.
















