അഴിയൂര്‍: കോറോത്ത് റോഡ് പാറപ്പുറത്ത് അഭിജിത്ത് (17) തൂങ്ങി മരിക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നില്‍ നടന്ന ആള്‍ക്കൂട്ട വിചാരണ സംബന്ധിച്ച് അന്വേഷണം വേണമെന്ന
ആവശ്യം ശക്തമാവുന്നു. അഭിജിത്ത് ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് മോന്താല്‍ പാലം കളള് ഷാപ്പിന് സമീപം ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദിച്ചതായി ആരോപണമുണ്ട്. ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും മനം നൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാല് വരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പറയുന്നു. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായി മാറേണ്ട അഭിജിത്തിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. അഭിജിതിന്റ വീട് കെ.കെ.രമ എംഎല്‍എ, ജില്ല പഞ്ചയാത്ത് അംഗം ടി.കെ.സിബി എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവം സംബന്ധിച്ച് ചോമ്പാല പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അഭിജിത്തിന്റെ ആത്മഹത്യക്ക് കാരണക്കാരായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആര്‍എംപിഐ അഴിയൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.















