തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും ഉപഭോഗം കൂടതലാണെന്നും മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് കാലത്തെ ദീര്‍ഘകാല
കരാറുകള്‍ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എസിയുടെ താപനില 25 ഡിഗ്രിക്ക് മുകളിലാക്കണമെന്നും അലങ്കാര വിളക്കുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും അതിന്റെ ഭാഗമായി വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാം എന്നുമാണ് അറിയിപ്പ്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. വേനല്‍ക്കാലമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, കൈമാറ്റ കരാര്‍ പ്രകാരം സെപ്റ്റംബര്‍ 15നകം തിരിച്ചു നല്‍കേണ്ട ബാധ്യത നിലനില്‍ക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി മന്ത്രി വ്യക്തമാക്കി.















