നാദാപുരം: പ്രസവ ചികിത്സയില്ലെങ്കിലും നാദാപുരം ഗവ. ആശുപത്രിയില്‍ അടിയന്തര ഘട്ടത്തിലെത്തിയ ഗര്‍ഭിണിക്ക് മതിയായ പരിചരണം നല്കിയ ഡോക്ടര്‍ക്കും
ജീവനക്കാര്‍ക്കും അഭിനന്ദനം. വളയം സ്വദേശിയായ യുവതിയെ തലശ്ശേയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കലശലായ വേദന അനുഭവപ്പെട്ടത്. തലശ്ശേരി ആശുപത്രിയില്‍ എത്താന്‍ വൈകുമെന്ന് മനസ്സിലാക്കി കൂടെയുള്ളവര്‍ യുവതിയെ പുലര്‍ച്ചെ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പ്രജിത കളരിക്കലും ജീവനക്കാരും ഒട്ടും വൈകാതെ മതിയായ പ്രസവ ശുശ്രൂഷ നല്കി യുവതിയെ പരിചരിച്ചു. ഗവ. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് അമ്മയേയും കുഞ്ഞിനേയും തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. പത്തു വര്‍ഷമായി നാദാപുരം ഗവ. ആശുപത്രിയില്‍ പ്രസവ ചികിത്സയില്ല. പക്ഷേ യാദൃശ്ചികമായി എത്തിയ ഗര്‍ഭിണിയെ പരിചരിക്കാന്‍ ഡോക്ടറും ജീവനക്കാരും തയ്യാറായത് ശ്രദ്ധ പിടിച്ചുപറ്റി. ഡോക്ടര്‍ പ്രജിത കളരിക്കലിനെയും ജീവനക്കാരെയും ഷാഫി പറമ്പില്‍ എംപി, കെ.എം.അഭിജിത്ത് എംഎല്‍എ എന്നിവര്‍ അഭിനന്ദിച്ചു. പുലര്‍ച്ചെ ആശുപത്രിയിലെത്തിയ യുവതിയെ പരിചരിച്ച ആശുപത്രി ജീവനക്കാരെ സോഷ്യല്‍ മീഡിയയിലൂടെ ആയിരക്കണക്കിന് ആളുകളാണ് പ്രശംസിച്ചത്. ആതുര സേവനരംഗത്തെ മികച്ച മാതൃകയാണ് നാദാപുരം ആശുപത്രി കാണിച്ചതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ് പറഞ്ഞു.















