തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ പദ്ധതിയുമായി വനംവകുപ്പ്. പരിശീലനം നേടിയ വളണ്ടിയര്‍മാരുടെ സേവനം
പഞ്ചായത്ത് തലത്തില്‍ ഉപയോഗപ്പെടുത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. പാമ്പുകളെ പിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിന്റെ സര്‍പ്പ ആപ്പുവഴിയും വളണ്ടിയര്‍മാരുടെ സേവനം ഉറപ്പുവരുത്താനാകും. പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി എല്ലാ പഞ്ചായത്തുകളിലും വളണ്ടിയര്‍മാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തും.
ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കള്‍ മാളം വിട്ടിറങ്ങാനുള്ള
സാധ്യത കൂടുതലാണ്. വിടിന് സമീപമുള്ള പൊന്തക്കാടുകള്‍, മാളങ്ങള്‍, വിള്ളലുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും ഇര തേടി പാമ്പുകളെത്താതിരിക്കാനായി പരിസരശുചിത്വം പാലിക്കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെയും മറ്റും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനായി ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
കളിക്കാന്‍ പോകുന്ന കുട്ടികള്‍ കാടുപിടിച്ച ഇടത്തേക്കിറങ്ങരുത്. ശരീരത്തില്‍ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാല്‍ അവഗണിക്കരുത്. ഒട്ടും വൈകാതെ ആശുപത്രിയില്‍ എത്തിക്കണം.
















