
കണ്ണൂര്‍: കൊലവിളി പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനന് എതിരെ കേസ്. കെഎസ്യു നേതാവ്
മുഹമ്മദ് ഷമ്മാസ് നല്കിയ പരാതിയിലാണ് മധുസൂദനന് എതിരെ കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മധുസൂദനന് എതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192 (ഒരു വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ), 351 (3) (ഏഴ് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ), 352 (രണ്ട് വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം) എന്നിവയാണ് മധുസൂദനന് എതിരെ ചുമത്തിയിരിക്കുന്നത്.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ
പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന് കൊലവിളി നടത്തിയത്. ധനരാജ് വധക്കേസില്‍ വിധി പ്രസ്താവിച്ച കോടതിയെയും മധുസൂദനന് അധിക്ഷേപിച്ചിരുന്നു. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വിധിയോട് മധുസൂദനന് പ്രതികരിച്ചത്. ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും മധുസൂദനന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മധുസൂദനന് എതിരെ മുഹമ്മദ് ഷമ്മാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
















