മണിയൂര്‍: ഗ്രാമപഞ്ചായത്ത് ഓഫീസിലെ സ്വരാജ് ട്രോഫി ഫോട്ടോ വിവാദം രാഷ്ട്രീയ ലക്ഷ്യം വെച്ച് എല്‍ഡിഎഫ് കെട്ടിച്ചമച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷയും
കൂട്ടരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024 ല്‍ ലഭിച്ച സ്വരാജ് ട്രോഫി ഏറ്റുവാങ്ങുന്ന ഫോട്ടോ പഞ്ചായത്ത് ഓഫീസിന്റെ മുന്‍ഭാഗത്തെ ഹാളില്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും അവസാനം 2025-26 വര്‍ഷത്തെ സംസ്ഥാന സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന്റെ ഫോട്ടോയും ഫ്രണ്ട് ഓഫീസിനു മുന്നിലെ ചുമരില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഫ്രണ്ട് ഓഫീസിനു മുന്നിലെ ചുവരില്‍ ഇത്തരത്തില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചാല്‍ അവിടെ സ്ഥല പരിമിതി ഉണ്ടാകും. പഞ്ചായത്തിലേക്ക് ആളുകള്‍ കടന്നു വരുന്ന ഹാളിലെ ചുമരില്‍ ഭരണഘടനയുടെ ആമുഖം അല്ലെങ്കില്‍ ഗാന്ധിജിയുടെ ഫോട്ടോ സ്ഥാപിക്കുന്നതാണ് ഉചിതമെന്നും കൂടുതല്‍ ഫോട്ടോ അവിടെ സ്ഥാപിക്കേണ്ടതില്ലെന്നും ഭരണസമിതി സ്റ്റിയറിങ്ങ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റിയറിങ്ങ് കമ്മിറ്റി ഫോട്ടോ എടുത്ത് മാറ്റിയത്. മാത്രവുമല്ല ഇത്തരത്തില്‍ ഉള്ള എല്ലാ ഫോട്ടോയും മുകളിലത്തെ നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലോ ഉചിതമായ മറ്റ് സ്ഥലത്തോ സ്ഥാപിക്കണമെന്നും തീരുമാനം എടുത്തിരുന്നു. രാത്രി ഫോട്ടോ എടുത്ത് മാറ്റിയത് എന്തിനെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ; കേരളോത്സവത്തിന്റെ ഭാഗമായി നവംബര്‍ 14ന് അതിരാവിലെ നടക്കുന്ന അത്ലറ്റിക് മീറ്റുമായി ബന്ധപ്പെട്ട് ഷെഡ്യൂള്‍ പേപ്പര്‍ എടുക്കാന്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും മെമ്പറും സ്വാഗത സംഘം പ്രവര്‍ത്തകനും
ഓഫീസിലെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാജമായി എഡിറ്റ് ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിലെ വ്യത്യസ്ത ഭാഗങ്ങള്‍ മെമ്പര്‍മാരില്‍ ആരോ ഫോണില്‍ പകര്‍ത്തുകയും ചില പാര്‍ട്ടി കേന്ദ്രങ്ങളില്‍ വെച്ച് രണ്ട് സമയങ്ങളിലുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്ത് വ്യാജ പ്രചരണം നടത്തുകയുമായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് സ്വരാജ് ട്രോഫിയോ ഏറ്റുവാങ്ങുന്ന ഫോട്ടോയോ മറ്റേതെങ്കിലും വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. എന്നിട്ടും എല്‍ഡിഎഫ് നേതൃത്വത്തില്‍ സമരാ ഭാസങ്ങള്‍ തുടരുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഇവര്‍ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹബത് ജുന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബിജിത്ത് ലാല്‍ തെക്കേടത്ത്, അഹമ്മദ് സാലി, നഫീസ, മെമ്പര്‍മാരായ വിഷ്ണുദാസ്, പ്രമീള.ഒ.പി എന്നിവര്‍ പങ്കെടുത്തു















