നാദാപുരം: ലഹരി വിപത്തിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നാദാപുരം ഗ്രാമപഞ്ചായത്ത് 24-ാം വാര്‍ഡില്‍ ‘തൂഫാന്’ പദ്ധതിയുടെ
ഭാഗമായി സംഘടിപ്പിച്ച ഗ്രാമസഭ ശ്രദ്ധേയമായി. നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.മുരളീധരന് ഗ്രാമസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൂഫാന് പദ്ധതിയുടെ ലക്ഷ്യങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും വിശദീകരിച്ച അദ്ദേഹം, ലഹരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ ഒത്തൊരുമ അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണെക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കരീം കണ്ണോത്ത് സ്വാഗതവും ആശാവര്‍ക്കര്‍ രജിഷ നന്ദിയും രേഖപ്പെടുത്തി. ഗ്രാമസഭയോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ സെഷനുകള്‍ പരിപാടിക്ക് പുതുമ നല്കി. നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതകളെക്കുറിച്ച് നടന്ന ക്ലാസിന് പി.പി.റഫ്നസ് നേതൃത്വം നല്കി. വിബിജി റാംജി പദ്ധതിയെക്കുറിച്ച് റസിയ സംസാരിച്ചു.















