
വടകര: എം. അബ്ദുള്‍ സലാമിനെ വടകര മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്
അസോസിയേഷന് ജനറല്‍ ബോഡിയോഗത്തിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് സലാമിനെ അസോസിയേഷന് പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാനും വര്‍ക്കിംഗ് പ്രസിഡന്റായി ചുമതല വഹിക്കുന്ന രഞ്ജിത്ത് കല്ലാട്ടിന് പ്രസിഡന്റിന്റെ ചുമതല നല്‍കാനും തീരുമാനിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയെടുത്ത തീരുമാനം ജനറല്‍ ബോഡിയോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
അസോസിയേഷന് നടത്തിയ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളും ലക്ഷക്കണക്കിന് രൂപയുടെ കണക്ക് വ്യത്യാസവും സംഘടനക്കുള്ളില്‍ വിവാദമായതോടെയാണ് നടപടിയുമായി അസോസിയേഷന് മുന്നോട്ട് പോയത്. നിരവധി തവണ കണക്കുകളുമായി ബന്ധപ്പെട്ട വ്യക്തത വരുത്താനോ
വിശദീകരണം നല്‍കാനോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. സംഘടനയുടെ സാമ്പത്തിക സുതാര്യതയും അച്ചടക്കവും ജനാധിപത്യപരമായ പ്രവര്‍ത്തന രീതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അസോസിയേഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതേസമയം സാമ്പത്തിക ക്രമക്കേടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് എം.അബ്ദുള്‍സലാം വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചതായും ജില്ലാ കമ്മിറ്റി തീരുമാനം വരുംമുമ്പ് പേരിനു ജനറല്‍ബോഡി യോഗം വിളിച്ച് കൂട്ടി നടപടിയെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















