
വള്ളിയാട്: വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി
മാറ്റുന്നതിനുമായി വള്ളിയാട് എംഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് പുനരുപയോഗ ശില്പശാല ശ്രദ്ധേയമായി.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനവും സ്കൂളിന്റെ തനത് പ്രവര്‍ത്തനമായ ‘മിഷന് 3ആര്’ പ്രഖ്യാപനവും വേസ്റ്റ് ബിന്‍ സമര്‍പ്പണവും നടന്നു. വാര്‍ഡ് മെമ്പര്‍ ബുഷറ ഏറത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ആരിഫ വടക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോടന്നൂര്‍ ബിപിസി മുഹമ്മദ് എം.എം, ഹെഡ്മിസ്ട്രസ് ജസ്ന എ.ആര്, സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എന്നിവര്‍ സംസാരിച്ചു. നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അവ എങ്ങനെ പുനരുപയോഗം ചെയ്യാമെന്നും കുട്ടികള്‍ക്ക് വിശദീകരിച്ചു
നല്കി.
ചെലവ് കുറഞ്ഞ പഠനോപകരണ നിര്‍മാതാവും കരകൗശല വിദഗ്ധനുമായ പ്രകാശന് പടോളിയാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉപയോഗിച്ച് മനോഹരമായ അലങ്കാര വസ്തുക്കളും കരകൗശല സാധനങ്ങളും നിര്‍മിക്കുന്ന വിധം അദ്ദേഹം കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തവും ആവേശവും ക്ലാസിനെ ഏറെ സജീവമാക്കി.
സ്കൂള്‍ പരിസരം പൂര്‍ണമായും ശുചിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ക്ലീന്‍ ക്യാമ്പസ്’ പ്രഖ്യാപനത്തിന്റെ ഭാഗമായി, എല്ലാ ക്ലാസുകളിലേക്കും പ്രത്യേക വേസ്റ്റ് ബിന്നുകളും (കാന്‍ഡി ബിന്‍) ചടങ്ങില്‍ കൈമാറി.
















