വടകര: കേരള പോലീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സൈബര്‍ സേഫ്
കേരള’യുടെ ഭാഗമായി രൂപം നല്കിയ ക്ലിക്ക് (കമ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോര്‍ സൈബര്‍ റിസൈലിയന്റ് കേരള) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണിയൂരിലെ കോളജ്
ഓഫ് എഞ്ചിനിയറിംഗ് വടകരയില്‍ നടന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഇക്കാലത്ത് വിദ്യാര്‍ഥികളും പൊതുജനങ്ങളും സൈബര്‍ സുരക്ഷാ മുന്‍കരുതലുകള്‍ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ വിദ്യാര്‍ഥി സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ.സ്മിത അധ്യക്ഷത വഹിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ.കെ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രന്, വടകര എഞ്ചിനിയറിംഗ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ രോഹിത് റാം.പി, വാര്‍ഡ് മെമ്പര്‍ ഷൈജ.ടി.കെ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്ഐമാരായ അബ്ദുല്‍ ജലീല്‍, ടി.ബി.ഷൈജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കുകയും പ്രമുഖ നടന് പത്മഭൂഷന്‍ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്ത കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും വിദ്യാര്‍ഥികള്‍ക്കുള്ള സൈബര്‍ ബോധവല്‍ക്കരണ ക്ലാസും പോലീസുകാര്‍ക്കായി കപ്പാസിറ്റി ബില്‍ഡിംഗ് ക്ലാസും നടന്നു. കോളജിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.















