വടകര: ഓപ്പറേഷന് തൂഫാന് കെയര്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ
നാര്‍കോട്ടിക് വിഭാഗവും വടകര കടത്തനാട് യുണൈറ്റഡ് ഫുട്ബോള്‍ അക്കാദമിയും
സംയുക്തമായി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശമായി. നാരായണ നഗരം സ്റ്റേഡിയത്തില്‍ വടകരയിലെ എട്ട് പ്രമുഖ ടീമുകള്‍ മാറ്റുരുച്ച ടൂര്‍ണമെന്റില്‍ എഫ്സി കട്ടപ്പ ജേതാക്കളായി. ഡയമണ്ട് യുണൈറ്റഡ് കുരിയാടിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം. എഫ്സി കട്ടപ്പയിലെ ജസ്ലാന് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ടൂര്‍ണമെന്റ് കിക്കോഫ് ചെയ്തു. വൈകുന്നേരം നടന്ന ചടങ്ങില്‍ നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി റാണാ ചന്ദ്രന് സമ്മാന വിതരണം നടത്തി. നര്‍ക്കോട്ടിക് വിഭാഗം ഇന്‍സ്പെക്ടര്‍ ബിനോയ് ആശംസകള്‍ നേര്‍ന്നു. തൂഫാന് കെയര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ വിവിധ കായിക മത്സരങ്ങള്‍ നടന്നുവരികയാണെന്നും സ്പോര്‍ട്സിനെ ലഹരിക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമായി ഉപയോഗിക്കാന്‍ കഴിയണമെന്നും ഉദ്ഘാടന വേളയില്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ജോസഫ് പറഞ്ഞു.















