
വടകര: തോടന്നൂര്‍-ചെരണ്ടത്തൂര്‍-ഇടിഞ്ഞകടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. 12 കോടി രൂപ ചെലവില്‍ ആരംഭിച്ചിട്ട് മൂന്ന്
വര്‍ഷത്തിലധികമായിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഈ റോഡിനെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തില്‍ നടപടി തേടി കോണ്‍ഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി. ഷീബ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന് നിവേദനം നല്കി
ചെരണ്ടത്തൂര്‍ മുതല്‍ ഇടിഞ്ഞകടവ് വരെയുള്ള ഏകദേശം മൂന്നു കിലോമീറ്ററും തോടന്നൂരു മുതല്‍ ചെരണ്ടത്തൂര്‍ വരെയുള്ള നാലു കിലോമീറ്റര്‍ ദുരത്തിനിടയിലെ കള്‍വര്‍ട്ടുകളുടെ ഭാഗവും പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടതിനെ തുടര്‍ന്ന് മാസങ്ങളായി ജനങ്ങള്‍
അതീവ ദുഷ്കരമായ യാത്രയാണ് നടത്തുന്നത്. റോഡ് പൊളിച്ചിട്ടതിനു ശേഷം ആവശ്യമായ രീതിയില്‍ പ്രവൃത്തി മുന്നോട്ടുപോകാതിരിക്കുകയും പല ഭാഗത്തും കുഴികളും ഉയര്‍ച്ചതാഴ്ചകളും നിറഞ്ഞതോടെ വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. പ്രത്യേകിച്ച് രോഗികള്‍, വയോധികര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഈ ദുരിതം ഏറെ അനുഭവിക്കേണ്ടി
വരുന്നതായി മന്ത്രിക്കുള്ള നിവേദനത്തില്‍ ഷീബ ചൂണ്ടിക്കാട്ടി.
പ്രവൃത്തിയില്‍ നിന്ന് പിന്മാറാന് കരാറുകാരന് ശ്രമിക്കുന്നുവെന്ന പ്രചരണവുമുണ്ട്. ഇക്കാര്യം യാഥാര്‍ഥ്യമാണെങ്കില്‍, പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാവുകയും ജനങ്ങളുടെ ദുരിതം നീളുകയും ചെയ്യും. പ്രശ്നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപെട്ടാണ് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയത്. എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പി.കെ.ബഷീര്‍ ഉറപ്പ് നല്‍കിയതായി ഷീബ അറിയിച്ചു.
















