മേപ്പയൂര്‍: നരക്കോട് കുളങ്ങരത്ത് സ്കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന് മരിച്ചതുമായി
ബന്ധപ്പെട്ട് പിതാവിനെതിരെ കേസ്. അപകടത്തില്‍ മരണപ്പെട്ട അജല്‍ പ്രവീണിന്റെ അച്ഛന് പ്രവീണ്‍ കുമാറിനെതിരെയാണ് മേപ്പയൂര്‍ പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ചൊവ്വാഴ്ച രാത്രിയാണ് ജിമ്മില്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍
മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതും സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞതും.
പ്രവീണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 56 കെ. 0965 നമ്പറിലുള്ള സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജല്‍ പ്രവീണിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാഹന ഉടമ കൂടിയായ പിതാവിനെതിരെ പോലീസ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര് ചികിത്സയിലാണ്.















