വടകര: വര്‍ഷങ്ങളായി ദുരിതപൂര്‍ണമായി കിടക്കുന്ന വൈക്കിലശ്ശേരി തെരു – വൈക്കിലശേരി യുപി സ്കൂള്‍ റോഡിന്റെ പുനഃരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ചോറോട് ഈസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള, ഏകദേശം രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ്. ചോറോട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് (വൈക്കിലശ്ശേരി), പന്ത്രണ്ടാം വാര്‍ഡ് (വൈക്കിലശ്ശേരി തെരുവ്) എന്നിവയിലൂടെ കടന്നുപോകുന്ന റോഡില്‍ പലയിടത്തും വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുവശങ്ങളിലും ആവശ്യത്തിന് ഓവുചാലുകള്‍ ഇല്ലാത്തത് മഴക്കാലത്ത് റോഡ് കൂടുതല്‍ തകരാന്‍ ഇടയാക്കുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ജല്‍ജീവന്‍ മിഷന്റെ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റീസ്റ്റോറേഷന് നടത്തിയാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കൂ എന്ന് കരാര്‍ കമ്പനി നിലപാടെടുത്തതോടെ പദ്ധതി സ്പില്‍ ഓവറായി മാറുകയായിരുന്നു. തുടര്‍ന്ന്, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ പ്രവൃത്തി നടക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഇത് ഉപേക്ഷിച്ചെങ്കിലും, ജനപ്രതിനിധികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 15 ലക്ഷം രൂപ വീണ്ടും വകയിരുത്തി.
എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന പുതിയ ഭരണസമിതി മുന്‍ ഭരണസമിതി പാസാക്കിയ നിരവധി പദ്ധതികള്‍ക്കൊപ്പം ഈ റോഡ് വികസനവും
ഉപേക്ഷിക്കുകയാണുണ്ടായത്. പുതിയ ഭരണസമിതി വന്നതിനുശേഷം ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ റോഡിന്റെ എസ്റ്റിമേറ്റും അളവെടുപ്പും നടത്തിയിരുന്നെങ്കിലും, 2026-27 വര്‍ഷത്തെ പദ്ധതിയില്‍ ഫണ്ട് ലഭ്യമാക്കുമെന്ന വാഗ്ദാനമല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. ഓര്‍ക്കാട്ടേരി ടൗണ്‍, ഗോകുലം സ്കൂള്‍, ചോറോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗമാണിത്. നിരവധി സ്കൂള്‍ വാഹനങ്ങളും വൈക്കിലശ്ശേരി ഭാഗത്തുനിന്ന് വള്ളിക്കാട്, കൈനാട്ടി ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരും ദിവസേന ആശ്രയിക്കുന്ന ഈ റോഡ് തകര്‍ന്നു കിടക്കുന്നത് വലിയ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. എത്രയും പെട്ടെന്ന് ആവശ്യമായ ഫണ്ട് വകയിരുത്തി റോഡ് പുനഃരുദ്ധരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഉദയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എം.ശശി, പ്രസാദ് വിലങ്ങില്‍, എന്‍.കെ.അജിത് കുമാര്‍, കെ.ടി.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.















