കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഒക്ടോബര്‍ 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശന് തിരിതെളിയിക്കുമെന്ന്
പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന് അറിയിച്ചു. എന്‍ഐടി കോഴിക്കോട് ക്യാമ്പസിലെ സ്വാഗത സംഘം ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുങ്ങിയ കോഴിക്കോട് എന്‍ഐടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് കായികമേളയുടെ പ്രധാന വേദിയാകുന്നത്. നവീകരിച്ച ഈ ട്രാക്കില്‍ നടക്കുന്ന പ്രഥമ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂള്‍ കായികമേളയെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസര്‍കോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബര്‍ 25-ന് രാവിലെ കോഴിക്കോട് ബീച്ചില്‍ സംഗമിക്കും. തുടര്‍ന്ന് നഗരപ്രദക്ഷിണം നടത്തി മാര്‍ച്ച് പാസ്റ്റോടെ പ്രധാന വേദിയായ എന്‍ഐടിയില്‍ എത്തിച്ചേരും. ഒക്ടോബര്‍ 31-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവന്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെടെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന- സമാപന
പരിപാടികളിലായി പങ്കെടുക്കും. കായികമേളയ്ക്കായി ഒരുക്കിയ മെഡിക്കല്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ആപ്പ് ലോഞ്ചിങ്, സുവനീര്‍ കവര്‍ പ്രകാശനം, മീഡിയ കോള്‍ സെന്റര്‍ ആക്ടിവേഷന് എന്നിവ അവലോകന യോഗത്തില്‍ മന്ത്രി നിര്‍വഹിച്ചു. മേളയുടെ സംഘാടനത്തിനായി രൂപീകരിച്ച 17 സബ് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ചിട്ടപ്പെടുത്തി പൂര്‍ണ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി. മാറുന്ന കാലാവസ്ഥയും മഴയും കാറ്റും കണക്കിലെടുത്ത് വേദികളുടെ ബലവും സുരക്ഷയും നിരന്തരം പരിശോധിക്കണം. ഭക്ഷണ വിതരണത്തില്‍ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം,
ഓരോ മത്സരയിനങ്ങളുടെയും സമയക്രമം പാലിക്കുന്നതില്‍ പ്രോഗ്രാം കമ്മിറ്റി കൃത്യത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി. പുതുതലമുറയില്‍ ഊര്‍ജ്ജസ്വലമായ കായിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കായികമേളകള്‍ ഉപകരിക്കുമെന്നും ഉദ്യോഗസ്ഥരും അധ്യാപക സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് ചരിത്രവിജയമാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് എം.എ.റസാഖ് എംഎല്‍എ അധ്യക്ഷനായി. കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളും സംഘാടക സമിതിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. മത്സരവേദികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, ഗതാഗതം, ശുചിത്വം, മറ്റ് അനുബന്ധ ക്രമീകരണങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച
ചെയ്തു. എംഎല്‍എമാരായ സി.കെ.കാസിം, വിദ്യ ബാലകൃഷ്ണന്, അഡ്വ. വി.കെ.ഫൈസല്‍ ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍.കെ.വിജയന്, സബ് കളക്ടര്‍ എസ്.ഗൗതം രാജ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറ, ഗ്രൗണ്ട് ആന്‍ഡ് എക്യുപ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബല്കീസ്, ലൈറ്റ് ആന്‍ഡ് സ്റ്റേജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാ ജാഫര്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ യോഗത്തില്‍ സംസാരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്സ്) സി.എ.സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ ഓഫ് സ്പോര്‍ട്സ് ഒളിമ്പ്യന്‍ പി.ആര്.ശ്രീജേഷ്, സ്റ്റേറ്റ് സ്പോര്‍ട്സ് ഓര്‍ഗ്ഗനൈസര്‍ അജിത് വര്‍ഗീസ്, ജനറല്‍ കണ്‍വീനറായ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എസ്.അമൃത, കോഴിക്കോട് ആര്‍ഡിഡി സുധ.എസ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ റസീന, കോഴിക്കോട് എസ്എസ്കെ ഡിപിസി ഡോ. നിസാര്‍ ചെലേരി, സംസ്ഥാന സ്കൂള്‍ കായികമേള ട്രഷറര്‍ കെ.ടി.മുഹമ്മദ് ഷരീഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.















