
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രിയും
പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. എണ്‍പത്തിയൊന്നുകാരനായ പിണറായിയുടെ സാന്നിധ്യം സമരക്കാരില്‍ ആവേശം പകര്‍ന്നു.
രാവിലെ പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ എട്ട് മണിക്കൂറിന് ശേഷമാണ് മന്ദിര്‍ മാര്‍ഗ് പൊലീസ് വിട്ടയച്ചത്. പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയ ശേഷമാണ് ഡല്‍ഹി പൊലീസ് മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ എത്തിച്ചത്. ഡല്‍ഹി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമര്‍ശനം
അഴിച്ചുവിട്ടു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തില്‍ കറക്കിയ ശേഷമാണ് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തില്‍ ചെയ്താല്‍ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
















