
വടകര: തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായ വടകര താഴെ അങ്ങാടിയുടെ വികസനം ലക്ഷ്യം വെച്ച് ഒരു കോടി 46 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന താഴെ അങ്ങാടി പൈതൃക
പദ്ധതിയുടെ പ്രവൃത്തി നിലച്ചത് നാട്ടുകാരില്‍ അമര്‍ഷത്തിനിടയാക്കി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരേയും കരാറുകാരനേയും ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ തടഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കരാര്‍ കമ്പനിയായ നെഫ്റ്റ് എഞ്ചിനീയറിങ്ങ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരും ഉദ്യോഗസ്ഥരും പദ്ധതിയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയത്. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് ശിലാ
സ്ഥാപനം നടന്ന പദ്ധതിയുടെ പ്രവൃത്തി പാതി വഴിയില്‍ നിലച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്ഥലം എംഎല്‍എ പോലും പ്രവൃത്തി നിലച്ചതുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്താത്തതും ജനങ്ങളില്‍ പ്രതിഷേധത്തിന് ആക്കം കൂട്ടി. പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരന് സ്ഥലം മാര്‍ക്ക് ചെയ്തു നല്‍കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ക്കാണ് ഇവര്‍ സ്ഥലത്തെത്തിയത്. പ്രതിഷേധം കനത്തതോടെ നാളെ (ചൊവ്വ) മുതല്‍ പ്രവൃത്തി പുനഃരാരംഭിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിച്ചത്.
പദ്ധതിയുടെ ഭാഗമായി മനാര്‍ മുക്ക് മുതല്‍ മുകച്ചേരി ഡിസ്‌പെന്‍സറി വരെ റോഡ് ആറു
മീറ്ററില്‍ നവീകരണം, ഇരു വശങ്ങളിലും നടപ്പാതകള്‍, വിളക്ക് കാലുകള്‍, ഇരിപ്പിട നിര്‍മ്മാണം എന്നിവ സ്ഥാപിച്ച് പ്രദേശം മനോഹരമാക്കും. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2026 ഫെബ്രുവരിയില്‍ റംസാന്‍ വൃതം ആരംഭിക്കുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പദ്ധതി പൂര്‍ത്തിയായാല്‍ സാന്‍ഡ് ബാങ്ക്‌സ്, ചുങ്കം ബീച്ച് എന്നിവയെ താഴെ അങ്ങാടിയുമായി ബന്ധിപ്പിച്ച് വിനോദ സഞ്ചാര ശൃംഖല രൂപപ്പെടുത്തുകയും ഇതിന്റെ ലക്ഷ്യമാണ്.
















