വടകര: ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മോചനം നേടുന്നതിനും കളരിപ്പയറ്റ് ഏറെ സഹായകമാണെന്ന് കുറ്റ്യാടി എംഎല്‍എ
പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ റൂറല്‍ ആര്‍ട്ട് ഹബ്ബ് പദ്ധതിയുമായി ചേര്‍ന്ന് കേരള ഫോക്ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന ‘ഗുരുകുലം ഗുരുശിഷ്യ പരമ്പര’ എന്ന പൈതൃക പാഠ്യപദ്ധതിയുടെ ഭാഗമായി കളരി ട്രെയിനര്‍മാര്‍ക്കായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല ലോകനാര്‍കാവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ ഒഴുക്കില്‍ വിസ്മൃതിയിലാണ്ടുപോയ ഗുരുകുല സമ്പ്രദായവും ഗുരുശിഷ്യ ബന്ധത്തിന്റെ പരിപാവനതയും വീണ്ടെടുക്കുക എന്ന പവിത്ര ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ പൗരാണിക ആയോധന കലാരൂപമായ കളരിപ്പയറ്റ് ഗുരുമുഖത്തുനിന്നുതന്നെ അഭ്യസിക്കുന്നതിനായി റൂറല്‍ ആര്‍ട്ട് ഹബ്ബും ഫോക്ലോര്‍
അക്കാദമിയും ചേര്‍ന്ന് വിവിധ കളരി സംഘങ്ങള്‍ക്ക് അഫിലിയേഷന്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അഫിലിയേഷന്‍ കരസ്ഥമാക്കിയ 40 കളരികളില്‍ നിന്നായി എണ്‍പതിലധികം ട്രെയിനര്‍മാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പത്മശ്രീ പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷീജ അരിമീത്തല്‍, ലോകനാര്‍കാവ് ദേവസ്വം വികസന സമിതി പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍, ദേവസ്വം ഏരിയ കമ്മിറ്റി മെമ്പര്‍ കെ.ഗോപാലകൃഷ്ണന്‍, ഫാക്കല്‍റ്റി എന്റിച്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ചെയര്‍മാന്‍ ഡോ. എസ്.മഹേഷ് ഗുരുക്കള്‍, കണ്‍വീനര്‍ ഡോ. എ.കെ.വേണുഗോപാലന്‍ ഗുരുക്കള്‍, എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ ഹരികൃഷ്ണന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍എഎച്ച് പ്രോജക്ട് ഓഫീസര്‍ പി.വി.ലവ്‌ലിന്‍ സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ മധു ഗുരുക്കള്‍ പുതുപ്പണം നന്ദിയും പറഞ്ഞു.















