കോഴിക്കോട്: വടകര റവന്യൂ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട്
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദേശം. റവന്യൂ ടവര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങള്‍ ഈ മാസം 20നകം മുറിച്ചുമാറ്റി ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. നിര്‍മാണ സ്ഥലത്തെ മണ്ണ് തൊട്ടടുത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാല്‍ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയല്‍റ്റിയും സീനിയറേജ് ചാര്‍ജും ഒഴിവാക്കുന്നതിനായി സര്‍ക്കാരിന്റെ അനുമതി തേടും. തുക അടയ്ക്കുന്ന മുറയ്ക്ക് സ്ഥലത്തെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കാമെന്ന് കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ അടിയന്തരമായി ആവശ്യമായി വരുന്ന ചെറിയ തുകകള്‍ റവന്യൂ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡുമായി ബന്ധപ്പെട്ട എന്‍ഒസി എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ എംഎല്‍എമാരായ കെ.കെ.രമ, കെ.ജയന്ത്, റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസ്, എഡിഎം കെ.ഷെറീന, വടകര സബ് കളക്ടര്‍ പി.പി.അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു. പോലീസ്, ഫയര്‍ഫോഴ്സ്, വനം, റവന്യു, കെഎസ്ഇബി, ഹൗസിംഗ് ബോര്‍ഡ് എന്നീ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വടകര റവന്യൂ ടവറിന്റെ നിര്‍മാണത്തിനായി ഹൗസിംഗ് ബോര്‍ഡാണ് കരാര്‍ ക്ഷണിച്ചത്. നിര്‍മാണ ചുമതല യുഎല്‍സിസിക്കാണ്.















