കോഴിക്കോട്: പട്ടത്തിന്റെ നൂലില്‍ കുടുങ്ങിയ കാക്കയെ രക്ഷിക്കാന്‍ മരത്തില്‍
കയറിയതിനു പിന്നാലെ മരക്കൊമ്പൊടിഞ്ഞ് താഴേക്ക് വീണ അന്യസംസ്ഥാന തൊഴിലാളിക്ക് അര്‍ഷാദ് പയ്യോളി (30) എന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ രക്ഷകനായി. ശ്വാസവും പള്‍സും ഇല്ലെന്നു മനസ്സിലായ ഉടന്‍ സിപിആര്‍ നല്‍കി തിരികെജീവിതത്തിലേക്ക്
എത്തിച്ച അര്‍ഷാദിന്റെ പരിശ്രമം രാം ഹരി വര്‍മ (42) എന്ന അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായി. കോഴിക്കോട് ബീച്ച് റോഡില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വ്യക്തിപരമായ ആവശ്യത്തിന് കുറ്റിച്ചിറക്ക് ബൈക്കില്‍ പോകുമ്പോഴാണ് ഒരാള്‍ കാക്കയെ രക്ഷിക്കാന്‍ മരത്തില്‍ കയറുന്നതും കൊമ്പ്‌പൊട്ടി വീഴുന്നതും അര്‍ഷാദ് കണ്ടത്. ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ അര്‍ഷാദ് ഹരി വര്‍മയുടെ തലയില്‍ ഏറ്റ മുറിവ് തന്റെ ഷര്‍ട്ട് കൊണ്ടു കെട്ടി. തുടര്‍ന്ന് അത് വഴി വന്ന പോലീസ് വാഹനത്തില്‍ സിപിആര്‍
ചെയ്തു കൊണ്ടു തന്നെ ബീച്ച് ഹോസ്പിറ്റലില്‍ എത്തിച്ചു. അല്‍പ സമയത്തിന് ശേഷം രോഗി സ്വന്തമായി ശ്വാസം എടുക്കാന്‍ തുടങ്ങി. തക്ക സമയത്ത് പ്രവര്‍ത്തിച്ച അര്‍ഷാദിനെ ഡോക്ടര്‍മാരും പോലീസും അഭിനന്ദിച്ചു.
വടകര അഗ്‌നി രക്ഷാ നിലയത്തിനു കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗമാണ് അര്‍ഷാദ്. സിവില്‍ ഡിഫന്‍സില്‍ നിന്നു കിട്ടിയ പരിശീലനമാണ് ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അര്‍ഷാദ് പറഞ്ഞു. മറ്റ് ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് അര്‍ഷാദ്. പരിക്കേറ്റ രാം ഹരി വര്‍മയെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.















