വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎന്‍ജി പരിശോധനാ കേന്ദ്രം ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റുംവരെ സമരം തുടങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് സെന്ററിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കും. ഗ്യാസ്, പെയിന്റ്, കെമിക്കല്‍സ് എന്നിവയുടെ രൂക്ഷ ഗന്ധം ഉള്‍പ്പെടെ പ്രദേശവാസികള്‍ നേരിടുന്ന ആശങ്കകള്‍ക്ക് വ്യക്തമായ പരിഹാരം വേണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ലൈസന്‍സുകളും അനുമതികളും അധികാരികള്‍ പരിശോധിച്ച് വസ്തുതകള്‍ വ്യക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ ഉന്നയിച്ച പരാതികളെ തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. പരിസരവാസികള്‍ക്ക് വലിയ ദ്രോഹമായി സ്ഥാപനം മാറിയിരിക്കുയാണ്. അതിനാല്‍ ഇത് ഇവിടെ നിന്നു മാറ്റുന്നത് വരെ സമരം അവസാനിപ്പിക്കില്ല. അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ വിവിധ രാഷ്ട്രീയസാമൂഹിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അബ്ദുള്‍ലത്തീഫ് കിനാലിയോട്ട്, കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍, ട്രഷറര്‍ അബ്ദുള്‍സലാം നെല്ലിയുള്ളതില്‍, ബിജീഷ് വട്ടക്കുനി, സിദ്ദീഖ് നെല്ലിയുള്ളതില്‍ എന്നിവര്‍ പങ്കെടുത്തു.















