വടകര: കേരള ഫോക്ക്‌ലോര്‍ അക്കാദമിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് തുടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അര്‍ഹതപ്പെട്ട മുഴുവന്‍ കളരികള്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യം
ശക്തം. ആറു മാസത്തെ കോഴ്‌സ് നടത്താന്‍ കളരികള്‍ക്ക് ഒരു ലക്ഷം രൂപ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ആയിരത്തിലേറെ കളരികളുള്ള സംസ്ഥാനത്ത് 40 കളരികള്‍ മാത്രമേ ഇതില്‍ പെട്ടിട്ടുള്ളു. ഈ വിഷയത്തില്‍ ഇളവ് വേണമെന്ന് വടകര താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. സമിതി അംഗം പി.പി.രാജനാണ് വിഷയം ഉന്നയിച്ചത്. കളരിപ്പയറ്റിന്റെ കേന്ദ്രമായ വടകരയില്‍ ഒരു കളരിക്ക് മാത്രമേ രജിസ്‌ട്രേഷന്‍ ലഭിച്ചുള്ളൂ. ഭീമന്‍ ഫീസായതിനാല്‍ മറ്റു കളരികള്‍ മുന്നോട്ട് വന്നിട്ടില്ല. പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു.
വടകരയില്‍ റെയില്‍വേ യാത്രികര്‍ക്കു ഓട്ടോറിക്ഷ കിട്ടാനുള്ള ബുദ്ധിമുട്ട് സമിതി അംഗം പുറന്തോടത്തു സുകുമാരന്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ആര്‍പിഎഫിന്റെയും പോലീസിന്റെയും ഇടപെടല്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. കേളുവേട്ടന്‍ മന്ദിരം-എടോടി
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു സമിതി അംഗം പി.എം.മുസ്തഫ ആവശ്യപ്പെട്ടു. ഇത് ഉള്‍പെടെ നഗരത്തിലെ നിരവധി റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയുടെ തരം മാറ്റലുമായി ബന്ധപ്പെട്ട് വില്ലേജുകളില്‍ കെട്ടികിടക്കുന്ന അപേക്ഷകള്‍ എത്രയും വേഗം തീര്‍പാക്കണമെന്ന് പി.കെ.ദാമു ആവശ്യപ്പെട്ടു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രീത, കളത്തില്‍ ബാബു, തോമസ് കൈതകുളം എന്നിവര്‍ സംസാരിച്ചു.















