മരുതോങ്കര: ഏഴര പതിറ്റാണ്ട് മുമ്പ് മലയോരവാസികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച വിദ്യാലയമുറ്റത്ത് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. അടുക്കത്ത് എല്‍പി സ്‌കൂള്‍
പൈക്കാട്ടുമ്മലിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി മധുരം’ പൂര്‍വവിദ്യാര്‍ഥി സംഗമമാണ് പുനഃസംഗമമായത്. സഹപാഠികളെയും അധ്യാപകരെയും വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഏവരും. അപൂര്‍വ സംഗമത്തില്‍ സംബന്ധിച്ച 75 വയസ് പിന്നിട്ട പൂര്‍വവിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാലയത്തിലെ പഴയകാല അനുഭവങ്ങളും അധ്യാപകരുമായുള്ള ബന്ധവും സംഗമത്തില്‍ നിറഞ്ഞുനിന്നു. മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍.ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ മനോജ് ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ മരുതോങ്കര പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബില പ്രകാശനം ചെയ്തു. ധന്യ, സുധീഷ് കുമാര്‍, കെ.ടി.മനോജന്‍, കെ.സി.സുരേഷ് കുമാര്‍, അഡ്വ. വിനീഷ് കുമാര്‍, നിമ്യ രവി, കെ.സി.കൃഷ്ണന്‍, പി.സി.ദാമോദരന്‍, ബാലന്‍, പിടിഎ പ്രസിഡന്റ് സുനില്‍, സി.എം.കുങ്കര്‍, പവിത്രന്‍ കാപ്പുമ്മല്‍, വിജയന്‍ വക്കത്ത്, ചന്ദ്രന്‍ പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു. കെ.സജിത്ത് സ്വാഗതം പറഞ്ഞു. ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഓര്‍മിപ്പിക്കുന്ന വിവിധ പരിപാടികള്‍ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ നടക്കും.















